ലക്നൗ: മകളെ പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന ആരോപണവുമായി ഉത്തര്‍പ്രദേശിലെ കുടുംബം. കിഴക്കന്‍ യുപിയിലെ ചണ്ടൗലിയിലാണ് പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. വീട്ടിലെത്തിയ പൊലീസുകാര്‍ തങ്ങളുടെ രണ്ട് പെണ്മക്കളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ഒരാളെ കൊലപ്പെടുത്തിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
പെണ്‍കുട്ടികളുടെ പിതാവിന്റേയും മാതാവിന്റേയുമെന്ന പേരില്‍ ഒരു വീഡിയോ പുറത്ത് വന്നു. തങ്ങളുടെ മക്കളെ പൊലീസുകാര്‍ മര്ദ്ദിച്ചുകൊന്നുവെന്നും രണ്ട് പെണ്മക്കളേയും അവര്‍ മര്‍ദ്ദിച്ചിരുന്നുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നതായി വീഡിയോയിലുണ്ട്. ഇതിന് പിന്നാലെ പൊലീസുദ്യോഗസ്ഥരെ പിന്തുടര്‍ന്ന നാട്ടുകാര്‍ അവരെ കൈയ്യേറ്റം ചെയ്തു. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു.
എന്നാല്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കപ്പെട്ട പ്രതിയെത്തേടി തങ്ങള്‍ ഈ കുടുംബത്തിന്റെ വീട്ടില്‍ എത്തിയിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. അനധികൃത മണല്‍ ഘനന കേസിലെ പ്രതിയായ കച്ചവടക്കാരനെ തേടിയാണ് തങ്ങള്‍ ഇവരുടെ താമസസ്ഥലത്ത് എത്തിയതെന്നും പൊലീസ് പറഞ്ഞു.
‘ഒരു സ്ത്രീ മരിച്ചെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വനിതാ പൊലീസുദ്യോഗസ്ഥരടങ്ങുന്ന സംഘം ഇവരുടെ വീട് റെയ്ഡ് ചെയ്തിരുന്നു. വൈകീട്ട് നാലിനും നാലരയ്ക്കുമിടയിലായിരുന്നു തിരച്ചില്‍. ഇതിന്റെ വീഡിയോ തങ്ങളുടെ കയ്യിലുണ്ട്. പ്രതി സ്ഥലത്തില്ലെന്ന് മനസ്സിലാക്കിയ പൊലീസ് സംഘം തിരിച്ചുപോയി. ആറു മണിയോടെയാണ് സ്ത്രീ മരിച്ചെന്ന വാര്‍ത്ത പുറത്ത് വരുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണത്തില്‍ ഏതെങ്കിലും പൊലീസുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയുണ്ടാകും. പ്രഥമ ദൃഷ്ട്യാ മരണം മറ്റ് കാരണങ്ങളാലാണ് എന്നാണ് മനസ്സിലാക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാനായി കാത്തിരിക്കുകയാണ്’, ചണ്ടൗലി പൊലീസ് സൂപ്രണ്ട് അങ്കുര്‍ അഗര്‍വാള്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി പ്രതിപക്ഷമായ എസ്പി രംഗത്തെത്തി. ഉത്തര്‍പ്രദേശില്‍ പൊലീസ് കൊലപാതകികളായി മാറിയിരിക്കുന്നു. പാവപ്പെട്ട സാധാരണക്കാര്‍ യുപിയില്‍ തുടര്‍ച്ചയായി കൊല്ലപ്പെടുകയാണ്. പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ ആക്രമണവും ഒരാളുടെ മരണവും അങ്ങേയറ്റം ദുഃഖകരമാണ്. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണം. അവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടു.
STORY HIGHLIGHTS: Family Claims Woman Dead After Alleged Assault By UP Cops During Raid