തിരുവനന്തപുരം: നിയമ വിദ്യാര്‍ത്ഥിനായായിരുന്ന ആലുവ സ്വദേശി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ സിഎല്‍ സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. ആലപ്പുഴ ആര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരിക്കെയാണ് സുധീര്‍ സസ്പെന്‍ഷനിലായത്.
ഭര്‍തൃവീട്ടുകാരുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുപത്തിയൊന്നുകാരിയായ മൊഫിയ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്കാന് എത്തിയപ്പോള്‍, പൊലീസ് അവഹേളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.
മോഫിയയുടെ ഭര്‍ത്താവിന്റെ വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് സ്റ്റേഷനില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും സിഐ സുധീര്‍ അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. മൊഫിയയുടെ പരാതിയില്‍ കേസെടുക്കുന്നതില്‍ സി ഐ സുധീറിന് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
Story spotlight: Mofia Parveen suicide case; inspector sudheer joined again to service