Politics

പി സി ജോര്‍ജ്ജിനെതിരെ വീണ്ടും പരാതി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം


തിരുവനന്തപുരം: മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെതിരെ വീണ്ടും പരാതി. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ഡിവൈഎഫ്‌ഐ നേതാവ് അന്‍വര്‍ഷാ പാലോടാണ് ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വിദ്വേഷ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറയുന്നത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് പരാതിക്കാരന്‍ ചൂണ്ടികാട്ടുന്നു. കുറ്റം ആവര്‍ത്തിച്ച പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്ന ആദ്യ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യം അനുവദിച്ചത്. പുഞ്ഞാറിലെ വീട്ടില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ കസ്റ്റഡിയില്‍ എടുത്ത പിസി ജോര്‍ജിനെ പത്ത് മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. 153 എ, 295 എ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. വിദ്വേഷ പ്രസംഗത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ്.

ഇക്കഴിഞ്ഞ 29 നായിരുന്നു പിസി ജോര്‍ജിന്റെ അറസ്റ്റിലേക്ക് വഴിവച്ച പ്രസംഗം അരങ്ങേറിയത്. ഹിന്ദു മഹാസമ്മേളനത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.



Source hyperlink

Leave a Reply

Your email address will not be published.