Politics

പാലക്കാട്ട് ഇന്ന് സർവ്വകക്ഷിയോ​ഗം; ബിജെപി, എസ്ഡിപിഐ നേതാക്കൾ പങ്കെടുക്കും


പാലക്കാട്: ആർഎസ്എസ്, എസ്ഡിപിഐ പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് ജില്ലയിലെ ക്രമസമാധാനം പുനസ്ഥാപിക്കാൻ ഇന്ന് സർവ്വകക്ഷിയോ​ഗം ചേരും. വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിലാണ് യോ​ഗം നടക്കുക. യോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി, എസ്ഡിപിഐ നേതാക്കൾ അറിയിച്ചു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുക. സര്‍വ്വകക്ഷി യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ബിജെപി തീരുമാനമെടുത്തിരുന്നില്ല.

അതേസമയം, ജില്ലയിൽ നിരോധനാജ്ഞ തുടരുകയാണ്. എഡിജിപി വിജയ് സാഖറെ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നത്. രണ്ടു കേസുകളിലും ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 5 ടീമുകളായാണ് അന്വേഷണം നടത്തുന്നത്. പാലക്കാട്ടെ രണ്ടു കൊലപാതകങ്ങളും ആസൂത്രിതമാണെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. രണ്ടു കേസുകളിലും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സാഖറെ വ്യക്തമാക്കി.

ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ജില്ലാ ഭരണകൂടം ഇരുചക്ര യാത്രക്കും നിയന്ത്രണം ഏര്‍പെടുത്തിയുട്ടുണ്ട് . സ്ത്രീകളും, കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്ന് എഡിഎം ഉത്തരവിട്ടു. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും, ക്രമസമാധാന നില തടസപ്പടാനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നിയന്ത്രണം.

ഇതുവരെ സുബൈറിന്റെ കൊലപാതകത്തില്‍ സഹായികളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ശ്രീനിവാസനെ കൊലപ്പെടുത്തിയവരെ പിടികൂടാന്‍ ആകാത്തതിലും പൊലീസിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. സുബൈര്‍ വധക്കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

STORY HIGHLIGHTS: all get together assembly right now in Palakkad following the murders of SDPI and BJP activists



Source hyperlink

Leave a Reply

Your email address will not be published.

close