Politics

തീരുമാനമായി; ട്വിറ്റര്‍ മസ്‌കിന് | Twitter board agrees to $44bn takeover by Elon Musk


സാന്‍ ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയാ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തു. ട്വിറ്ററിനെ ഏറ്റെടുക്കാമെന്ന ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം ട്വിറ്റര്‍ ബോര്‍ഡ് അംഗീകരിച്ചു. ഓഹരി ഒന്നിന് 54.20 ഡോളര്‍ എന്ന നിരക്കില്‍ 44 ബില്ല്യണിന്റേതാണ് കരാര്‍. കൈമാറ്റം പൂര്‍ത്തിയാവുന്നതോടെ പൂര്‍ണ്ണമായും ഒരാളുടെ കയ്യിലുള്ള കമ്പനിയായി ട്വിറ്റര്‍ മാറും.

ഏപ്രില്‍ ഒന്നിനുള്ള ട്വിറ്ററിന്റെ ഓഹരിയിലെ ക്ലോസിംഗ് മൂല്യത്തേക്കാള്‍ 38 ശതമാനം കൂടുതലാണ് കരാര്‍ തുക. ഓഹരി ഉടമകളുടെ സമ്മര്‍ദ്ദം മസ്‌കിന്റെ വാഗ്ദാനത്തെക്കുറിച്ച് ഗൗരവമായി പരിഗണിക്കാന്‍ കാരണമായെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. മികച്ച ഓഫറാണ് ഇതെന്ന് പല ഓഹരി ഉടമകളും വിലയിരുത്തിയിരുന്നു.

‘അഭിപ്രായ സ്വാതന്ത്ര്യം സജീവമായ ജനാധിപത്യത്തിന്റെ അടിസ്ഥാനം. മനുഷ്യത്വത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന ഡിജിറ്റല്‍ കവലയാണ് ട്വിറ്റര്‍. മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുതിയ ഫീച്ചേഴ്‌സ് അവതരിപ്പിക്കാനും, വിശ്വാസ്യത വര്‍ധിപ്പിക്കാനുള്ള മാറ്റങ്ങള്‍ ആല്‍ഗോരിതത്തില്‍ വരുത്താനും, സ്പാം ബോട്ടുകളെ ഇല്ലാതാക്കാനും, എല്ലാ മനുഷ്യന്മാര്‍ക്കും വിശ്വാസ്യത നല്‍കണമെന്നും ആഗ്രഹിക്കുന്നു. അതിരുകളില്ലാത്ത സാധ്യതകളാണ് ട്വിറ്ററിനുള്ളത്. കമ്പനിക്കൊപ്പവും ഉപഭോക്താക്കള്‍ക്കൊപ്പവും പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്,’ ഏറ്റെടുക്കലിന് ശേഷം മസ്‌ക് അറിയിച്ചു.

ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ട്വിറ്ററിന്റെ ഓഹരിയുടമകളുമായി മസ്‌ക് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. മസ്‌കിന്റെ ഓഫറില്‍ തൃപ്തരായ ഓഹരിദാതാക്കള്‍ ഏറ്റെടുക്കലിന് കമ്പനിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതാണ് ആദ്യം മടിച്ച ‘മസ്‌ക് ഓഫര്‍’ സ്വീകരിക്കുന്നതിലേക്കെത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

മസ്‌കിന്റെ ഏറ്റെടുക്കല്‍ നീക്കത്തെ ‘ പോയിസന്‍ പില്‍’ എന്ന പ്രതിരോധ നീക്കവുമായാണ് ആദ്യഘട്ടത്തില്‍ ട്വിറ്റര്‍ ബോര്‍ഡ് നേരിടാന്‍ ശ്രമിച്ചത്. കമ്പനിയിലുള്ള മസ്‌കിന്റെ ഓഹരി വിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കല്‍ ചെലവേറിയതാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ ഏറ്റവും മികച്ച ഓഫറാണ് താന്‍ മുന്നോട്ട് വെക്കുന്നതെന്ന് പറഞ്ഞ് മസ്‌ക് ഓഹരിയുടമകളുമായി ചര്‍ച്ച നടത്തിയതോടെ ഏറ്റെടുക്കലിന് വഴി തെളിയുകയായിരുന്നു. ഏപ്രില്‍ നാലിന് ട്വിറ്ററിലെ മസ്‌കിന്റെ ഓഹരി 9.2 ശതമാനം ആയി ഉയര്‍ന്നിരുന്നു. ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോര്‍സിയുടെ ഓഹരിയുടെ നാലിരട്ടിയിലധികമാണ് മസ്‌ക് സ്വന്തമാക്കിയത്.

STORY HIGHLIGHTS: Twitter board agrees to $44bn takeover by Elon Musk



Source hyperlink

Leave a Reply

Your email address will not be published.