Politics

ഗോശാലകൾക്കായി 50 കോടി; കർണാടക ബജറ്റിൽ പശുവിനും ക്ഷേത്രങ്ങൾക്കും മുൻഗണന


പശുക്കൾക്കും ക്ഷേത്രങ്ങൾക്കും വലിയ പരി ഗണന നൽകികൊണ്ട് കർണാടക സർക്കാരിന്റെ ബജറ്റ്. ധനകാര്യ വകുപ്പ് കൂടി വഹിക്കുന്ന കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെെ കന്നി ബജറ്റ് അവതരിപ്പിച്ചു.

കന്നുകാലി കശാപ്പ് നിരോധനവും, 2020 ലെ കന്നുകാലി സംരക്ഷണ നിയമവും മൂലം ധാരാളം കന്നുകാലികൾ അലഞ്ഞു തിരിയുന്നുണ്ടെന്നും ഈ പ്രശ്ന പരിഹാരത്തിനായി ഗോശാലകളുടെ എണ്ണം 31 ൽ നിന്നും 100 ആക്കുമെന്നുമാണ് ബജറ്റിൽ പറയുന്നത്. ഇതിനായി 50 കോടിയോളം രൂപ വകയിരുത്തും. പശുക്കളെ സംരക്ഷിക്കുന്നതിനായും ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കാനായും സർക്കാർ പുണ്യകോടി ദത്ത് യോജന പദ്ധതി ആവിഷ്കരിക്കുമെന്നും ബജറ്റിൽ പറയുന്നു.

ഗോശാലകളിൽ ഉൽപാദിപ്പിക്കുന്ന മാലിന്യത്തിൽ നിന്ന് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി ഗോമാതാ സഹകരണ സംഘം രൂപീകരിക്കുന്നതിനുള്ള സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ക്ഷേത്ര പരിപാലനത്തിനായും ബജറ്റ് വലിയ തുക മാറ്റി വയ്ക്കുന്നുണ്ട്. എൻഡോവ്‌മെന്റ് വകുപ്പിന്റെ പരിധിയിൽ വരുന്ന ക്ഷേത്ര ട്രസ്റ്റുകൾക്ക് സ്വയംഭരണാവകാശം ബജറ്റ് നിർദ്ദേശിക്കുന്നു.

ആഞ്ജനേയന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന അഞ്ജനാദ്രി കുന്നിനെ റോപ്‌വേ സൗകര്യമുള്ള വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. അയോധ്യയിലെ രാമക്ഷേത്രവുമായി പദ്ധതിയെ ബന്ധിപ്പിച്ച ബൊമ്മെെ അയോധ്യയിൽ രാമക്ഷേത്രം വരുമ്പോഴേക്കും ഈ ക്ഷേത്രവും വികസിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെകൊണ്ട് ക്ഷേത്രം ഉദ്ഘാടനം ചെയ്യിക്കുമെന്നും പറഞ്ഞിരുന്നു.

STORY HIGHLIGHTS: 50 crore for cattle sheds in Karnataka budget



Source link

Leave a Reply

Your email address will not be published.