വൈക്കം: പിഞ്ചു കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവാവാണ് ഒരു വയസ്സുള്ള കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ച് എത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും കുഞ്ഞിനെ മാതാവിന് കൈമാറുകയും ചെയ്തു.
ഞായറാഴ് വൈകീട്ട് വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. ആലപ്പുഴ പെരുമ്പളം സ്വദേശിയായ യുവാവാണ് പിടിയിലായത്. ഞീഴൂര്‍ സ്വദേശിയാണ് കുഞ്ഞിന്റെ മാതാവ്.
ഭര്‍ത്താവുമായി പിരിഞ്ഞ് ജിവിക്കുന്ന യുവതിയെ യുവാവ് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ബന്ധത്തില്‍ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ മാതാവിന് കുഞ്ഞിനെ കാണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെ ഇരുവരും തര്ക്കത്തിലാവുകയുമായിരുന്നു. പിന്നാലെ മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെയും ഭാര്യ മാതാവിനെയും മര്‍ദിച്ച് കുഞ്ഞുമായി ഓട്ടോയില്‍ കടന്നു കളയുകയായിരുന്നു.
കുഞ്ഞുമായി തലയോലപ്പറമ്പിലെയും വൈക്കത്തെയും ബാറുകളില്‍ എത്തി യുവാവ് വീണ്ടും മദ്യപിച്ചു. ഇതിന് ശേഷമായിരുന്നു വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇടപെട്ടതോടെ വീണ്ടും ഓട്ടോയില്‍ കയറി പോവുകയും ചെയ്തു. ഇതിനിടെ കുഞ്ഞ് തന്റെയല്ലെന്ന് ഇയാള്‍ പറഞ്ഞതോടെ കാര്യങ്ങള്‍ കൈവിട്ടുപോവുമെന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവര്‍ ഇയാളെ വീണ്ടും ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ എത്തിക്കുകയും ചെയ്തു.
ഇവിടെയും കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇരുവരെയും ഞീഴൂരിലെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. ഭാര്യവീട്ടില്‍ സംഘര്‍ഷമുണ്ടാക്കിയാണ് യുവാവ് വീട് വിട്ടിറങ്ങിയതെന്ന് വ്യക്തമായതോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.