Politics

‘ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കും’; മന്ത്രി റിയാസ്


തിരുവനന്തപുരം: ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്ന് പൊതുമരാമരത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ശബരിമല റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19.90 കോടി രൂപ ഈ റോഡിന്‍റെ പ്രവൃത്തിക്കായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചെങ്കിലും പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പലപ്പോഴായി പ്രവൃത്തി തടസ്സപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി.

കോട്ടയം – ഇടുക്കി ജില്ലകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട പാതയാണ് ഈരാറ്റുപേട്ട – വാഗമണ്‍ റോഡ്. ദിവസേന നിരവധി വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്ന ഈ റോഡ് പതിറ്റാണ്ടായി പ്രവൃത്തി നടക്കാത്തതിനാല്‍ ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നിരുന്നു. 12 വര്‍ഷം മുന്‍പാണ് ഈ റോഡില്‍ അവസാനമായി പ്രവൃത്തി നടന്നത്. ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്ന റോഡിന്‍റെ പ്രവൃത്തി നടത്തണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കലും പ്രവൃത്തി അടിയന്തിരമായി നടത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നതായും മന്ത്രി പറഞ്ഞു.

2022 ഓഗസ്റ്റ് മാസം അവസാനത്തോടെ ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. നിലവിലെ പ്രവൃത്തി നടക്കുന്ന സമയത്ത് 65 കിലോമീറ്റര്‍ ദൂരത്താണ് പ്ലാന്‍റ് സ്ഥാപിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ ഇടപെട്ടിരുന്നു. ഇപ്പോള്‍ പ്രവൃത്തി നടക്കുന്നതിന്‍റെ 13 കിലോമീറ്റര്‍ അകലേക്ക് പ്ലാന്‍റ് മാറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

റോഡ് പ്രവൃത്തി സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ ഗുണനിലവാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ച് അടിയന്തിരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

STORY HIGHLIGHTS: PA Muhammad Riyas Says Complaints Related to Erattupetta-Vagamon Road Work will probably be Examined



Source hyperlink

Leave a Reply

Your email address will not be published.

close