മുംബൈ: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് പ്രതിയായ മയക്കുമരുന്ന് കേസിലെ പ്രധാന സാക്ഷി മരിച്ചു. സാക്ഷി പ്രഭാകര്‍ സെയിലാണ് ഇന്നലെ മുംബൈ മാഹുല്‍ പ്രദേശത്തെ ഫ്ളാറ്റില്‍ മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നും ദുരൂഹതയുള്ളതായി സംശയിക്കുന്നില്ലെന്നും പ്രഭാകറിന്റെ അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് മാതാവും ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു.
കേസിലെ മറ്റൊരു സാക്ഷിയായ കെ.പി ഗോസാവിയുടെ സുരക്ഷാ ജീവനക്കാരനായിരുന്നു പ്രഭാകര്‍. കേസില്‍ വന്‍ വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തി കൂടിയായിരുന്നു പ്രഭാകര്‍.
കോടികളുടെ ഇടപാടാണ് മയക്കുമരുന്ന് കേസില്‍ മറവില്‍ നടക്കുന്നതെന്നും എന്‍സിബി സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കഡെ അടക്കമുള്ളവര്‍ ഷാരൂഖ് ഖാനില്‍ നിന്ന് 18 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രഭാകര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി ചേര്‍ന്ന് 18 കോടിയുടെ ഡീല്‍ നടന്നുവെന്നാണ് പ്രഭാകര്‍ വെളിപ്പെടുത്തിയത്. ഇതില്‍ എട്ടു കോടി സമീറിന് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ ആരോപിച്ചിരുന്നു.
സത്യവാങ്മൂലത്തില്‍ പറഞ്ഞത്: ‘നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. എട്ട് കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം.’ ഒക്ടോബര്‍ മൂന്നിന് സാം ഡിസൂസ എന്നയാളും ഗോസാവിയും ഇക്കാര്യമാണ് സംസാരിച്ചത്.’ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് ഇങ്ങനെയൊരു സത്യവാങ്മൂലം ഫയല്‍ ചെയ്തതെന്നും പ്രഭാകര്‍ പറഞ്ഞു.
ഇതിന് പിന്നാലെ 2018ലെ വഞ്ചനാകേസുമായി ബന്ധപ്പെട്ട് പുനെ പൊലീസ് ഗോസാവിയെ അറസ്റ്റ് ചെയ്തു. പ്രഭാകര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗോസാവി നിഷേധിക്കുകയും ചെയ്തിരുന്നു.
പണം കൈപ്പറ്റിയിട്ടാണ് പ്രഭാകര്‍ സെയില്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ അയാള്‍ക്ക് എന്തെല്ലാം വാഗ്ദാനങ്ങള്‍ ലഭിച്ചെന്ന് ഫോണ്‍ രേഖകളില്‍ വ്യക്തമാകുമെന്നായിരുന്നു ഗോസാവി അന്ന് പ്രതികരിച്ചത്.