Politics

അടിച്ചമര്‍ത്തലിനെതിരെ കലയിലൂടെ പൊരുതിയ ലിസ; ഐഎഫ്എഫ്‌കെയില്‍ ഇന്ന് ആദരം


26മത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയുമ്പോൾ ചടങ്ങിൽ ‘സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ്’ യുവ കുർദിഷ് സംവിധായിക ലിസ ചലാൻ ഏറ്റുവാങ്ങും. ഒരു കുർദിഷ് സംവിധായിക എന്നതിനപ്പുറം അടിച്ചമർത്തലുകളിൽ നിന്നും വിവേചനത്തിൽ നിന്നും ദുരന്തത്തിൽ നിന്നും പൊരുതി വന്ന ധീര വനിത കൂടിയാണ് ലിസ ചലാൻ.

തുർക്കിയിൽ അടിച്ചമർത്തപ്പെട്ട കുർദ് സമൂഹത്തിന്റെ പ്രതിനിധിയായിരുന്നു ലിസ. എന്നാൽ ആ ഭീകരമായ വിവേചനത്തിനോട് ലിസ പൊരുതിയത് കലയിലൂടെയാണ്. ചലച്ചിത്ര സംവിധാനം, ചിത്രസംയോജനം, തിരക്കഥ, അഭിനയം എന്നെ മേഖലകളിലെല്ലാം ലിസ തന്റെ കഴിവ് തെളിയിച്ചു. 2013 മുതൽ ആരംഭിച്ച തന്റെ സിനിമ യാത്രയിൽ ‘പർവ്വതങ്ങളുടെ ഭാഷ’,’ഗുപ്തം’, ‘അവശിഷ്ടം, ‘നോട്ട് ബുക്ക്’, ‘നുസായ്ബിന്നിന്റെ നിറം’ ‘തെരുവിന്റെ ശബ്ദം’ എന്നീ സിനിമകളിൽ പ്രവർത്തിച്ചു. 2015ൽ തന്റെ മറ്റൊരു പ്രൊജക്ടുമായി ബന്ധപ്പെട്ട ജോലിയിൽ നിൽക്കുമ്പോഴാണ് ലിസ ഐസിസിന്റെ ഭീകരാക്രമണത്തിന് ഇരയാകുന്നത്.

റാലിക്കിടെ ഉണ്ടായ ചാവേർ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിക്കുകയും നൂറിലേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തുർക്കിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് നടന്ന കുർദ് പാർട്ടിയായ എച്ച്ഡിപിയുടെ വലിയ റാലി നടക്കുന്നതിനിടയിലേക്കാണ് ഐസിസിന്റെ ചാവേറുകൾ ഇടിച്ചു കയറുന്നത്. ആ ബോംബാക്രമണത്തിൽ ലിസയുടെ ഇരുകാലുകളും ചിതറിപ്പോയി. ലിസ അടക്കം നൂറിലേറെ പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവ സ്ഥലത്ത് വച്ച് അഞ്ച് പേർ മരിക്കുകയും ചെയ്തു.

ഇരുകാലുകളും മുട്ടിനു താഴെ അറ്റുപോയ ലിസ പക്ഷെ പതറിയില്ല. തന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് തുർക്കി സർക്കാരിന് എതിരെ പോരാടി. ഇതിനിടയിൽ ലിസക്കായി ലോകമെമ്പാടുമുള്ള സുഹൃത്തികൾ തെരുവിലിറങ്ങി. ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ് നടത്തി. തുർക്കിയിലും ജർമനിയിലുമൊക്കെയായി ഒമ്പത്തോളം ശസ്ത്രക്രിയകൾ നടത്തി. എന്നിട്ടും ചികിത്സയൊന്നും ഫലപ്രദമായില്ല. ഒടുവിൽ സദ്ദാം ഹുസൈന്റെ പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ട ഓസ്ട്രേലിയയിൽ അഭയാർത്ഥിയായി എത്തിയ ഇറാഖി ഡോക്ടർ മുൻജെദ് അൽ മുദരി ലിസയ്ക്ക് ശസ്ത്രക്രിയയിലൂടെ കൃത്രിമ കാലുകൾ വച്ചുകൊടുത്തു.

ലിസയുടെ നിരന്തരമായ പോരാട്ടത്തിനൊടുവിൽ തുർക്കി സർക്കാർ നഷ്ടപരിഹാരമായി 1.6 മില്യൺ ലിറ നൽകാമെന്ന് പറഞ്ഞു. പക്ഷെ തനിക്ക് ആ തുക ചികിത്സ ചിലവിന് പോലും തികയില്ലെന്ന് പറയുകയും അത് നിരസിക്കുകയും ചെയ്തു. ആ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഭീകരവാദത്തിന് ഇരയായവർക്ക് തൊഴിൽ നൽകുന്ന നിയമം വന്നതോടെ ലിസയ്ക്ക് സാംസ്‌കാരിക വിഭാഗത്തിൽ ജോലി ലഭിച്ചെങ്കിലും പിന്നീട് പിരിച്ചു വിട്ടു. രണ്ടാം ജന്മമെന്ന പോലെ തനിക്ക് ലഭിച്ച കൃത്രിമ കാലുകളുപയോഗിച്ച് ലിസ നടക്കാനും നൃത്തം ചെയ്യാനുമൊക്കെ പഠിച്ചു. ഇന്നും സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന ലിസയുടെ ചലച്ചിത്രങ്ങൾ ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് വൈകിട്ട് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ കേരളം ലിസയെ ആദരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നൽകുന്നത്. കുർദിഷ് ജനതയുടെ അതിജീവന കഥ, ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ലിസയുടെ ലോക ശ്രദ്ധ നേടിയ ചിത്രമായ ‘ലാംഗ്വേജ് ഓഫ് ദി മൗണ്ടൻ’ മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും.

Story highlights: IFFK felicitate Lisa, who fought towards oppression by means of artwork; Spirit of the cinema awardSource hyperlink

Leave a Reply

Your email address will not be published.